ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഭാഷ അടിച്ചേൽപ്പിക്കില്ല; പാർലമെന്ററി സമിതി

ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് ഔദ്യോഗിക ഭാഷകൾക്കായുള്ള പാർലമെന്‍ററി കാര്യ സമിതി അംഗങ്ങൾ. ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചത് വിവാദമായതിനെ തുടർന്നാണ് അംഗങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. 1963 ലെ ഔദ്യോഗിക ഭാഷാ നിയമത്തിനൊപ്പം 2020 ൽ കേന്ദ്രം അവതരിപ്പിച്ച പുതിയ വിദ്യാഭ്യാസ നയവും കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സമിതിയിലെ അംഗങ്ങളായ രണ്ട് എംപിമാർ പറഞ്ഞു.

ഔദ്യോഗിക ഭാഷാ നിയമത്തിൽ, ഹിന്ദി സംസാരിക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഇതിൽ ഭൂരിഭാഗം പേരും ഹിന്ദി സംസാരിക്കുന്ന ‘എ’ വിഭാഗത്തിൽ പെടുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഔദ്യോഗിക ഉപയോഗത്തിന് ഹിന്ദി നിർബന്ധമാക്കുക. ബി, സി വിഭാഗങ്ങളിൽ പെടുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയുടെ നിർബന്ധിത ഉപയോഗം ബാധകമാവില്ല. ഇംഗ്ലീഷിന് പകരം ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്നും അവർ പറഞ്ഞു.

ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾക്ക് മുൻഗണന നൽകണമെന്ന് ഭാഷാ നിയമത്തിൽ പറയുന്നുണ്ടെങ്കിലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇത് പ്രായോഗികമായിട്ടില്ല. ‘എ’ വിഭാഗത്തിന് കീഴിൽ വരുന്ന ഡൽഹി സർവകലാശാല, ബനാറസ് സർവകലാശാല, അലിഗഡ് മുസ്ലിം സർവകലാശാല തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും ഔദ്യോഗികമായി ഹിന്ദി ഉപയോഗിക്കുന്നില്ലെന്ന് സമിതി കണ്ടെത്തി.