തുറന്ന പോരിനുറച്ച് എൽഡിഎഫ്; 15ന് ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ പ്രതിഷേധം
മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനൊരുങ്ങി ഇടത് മുന്നണി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ നവംബർ 15ന് രാജ്ഭവന് മുന്നിൽ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി രണ്ടിന് വിപുലമായ കൺവെൻഷൻ തിരുവനന്തപുരത്ത് നടക്കും. വിദ്യാർത്ഥികൾ, വിദ്യാഭ്യാസ വിദഗ്ധർ, അക്കാദമിക് കമ്മ്യൂണിറ്റി പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
എല്ലാ ജില്ലാ കൺവെൻഷനുകളും 10ന് മുമ്പ് നടക്കും. 12ന് മുമ്പ് ക്യാമ്പസ് തല കൺവെൻഷനുകളും സംഘടിപ്പിക്കും. ചാൻസലർ പദവി ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും മുന്നണി യോഗത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.
ഗവർണറുടെ നടപടികൾ നിയമവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിലൂടെ കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയാത്തവർ സർവകലാശാലകളെ തകർക്കാൻ ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്. ഗവർണർ സ്വയം ആർഎസ്എസ് അനുഭാവിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതിയല്ലേ എന്ന ചോദ്യത്തിന് കേസ് അവസാനിച്ചിട്ടില്ലെന്നായിരുന്നു ഗോവിന്ദന്‍റെ മറുപടി.