കത്ത് വിവാദം; ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരം മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. യഥാര്‍ഥകത്ത് കണ്ടെത്തിയില്ലെന്നും കത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് നിര്‍ദേശം. തുടര്‍ അന്വേഷണത്തില്‍ ഡിജിപിയാകും തീരുമാനമെടുക്കുക. കത്ത് വ്യാജമെന്ന മേയറുടെ മൊഴിയടക്കമാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയത്.

നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് മേയർ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കൈമാറിയെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്ന് ഒന്നര ആഴ്ച പിന്നിടുമ്പോഴാണ് റിപ്പോർട്ട്. കത്ത് വ്യാജമാണെന്ന് മേയർ മൊഴി നൽകിയെങ്കിലും കത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കത്തുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഈ ആഴ്ച പരി​ഗണിക്കുന്നുണ്ട്. അതിന് മുമ്പ് തന്നെ റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നാണ് വിവരം. 

അതേസമയം, കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. വരും ദിവസങ്ങളിൽ കോർപ്പറേഷൻ ഓഫീസിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്‍റെയും തീരുമാനം. മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്.