കത്ത് വിവാദം; ഒടുവിൽ സ്ഥാനമൊഴിയാൻ ഡി.ആർ അനിൽ
തിരുവനന്തപുരം: മേയറുടെ നിയമന കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ അനിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കും. ഇതോടെ കോർപ്പറേഷനിലെ സമരത്തിനു പരിഹാരമായി.
കോർപ്പറേഷനിൽ താൽക്കാലിക നിയമനം നടത്താൻ മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചിട്ടില്ലെന്നാണ് സി.പി.എം നിലപാട്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആര്യ രാജേന്ദ്രനെതിരെ യു.ഡി.എഫ് ഫയൽ ചെയ്ത കേസുകളിൽ ഹൈക്കോടതിയുടെ തീരുമാനം ഇനിയും വരാനുണ്ടെന്നും യോഗത്തിൽ അറിയിക്കും.
എസ്.എ.ടി ആശുപത്രിയിൽ താൽക്കാലിക നിയമനത്തിനായാണ് അനിൽ കത്തെഴുതിയത്. കത്ത് മാധ്യമങ്ങളിൽ വന്നയുടനെ അത് എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ച ശേഷം കത്തെഴുതിയെന്നും പിന്നീട് അത് അനാവശ്യമാണെന്ന് കണ്ട് നശിപ്പിച്ചെന്നും അനിൽ പറഞ്ഞു. മേയർ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.