ലൈഫ് പദ്ധതി ഇഴയുന്നു ; പട്ടികജാതി വിഭാഗക്കാർക്ക് വീട് നന്നാക്കാൻ ‘സേഫ്’ പദ്ധതി ആരംഭിക്കും

തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വർഷം തന്നെ ആരംഭിക്കും. ഇതിനായി പട്ടികജാതി വികസന വകുപ്പ് മാർഗനിർദേശങ്ങൾ തയ്യാറാക്കി. പുതിയ ഭവന പൂർത്തീകരണ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ കഴിഞ്ഞയാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.

ഒന്നാം പിണറായി സർക്കാർ ആരംഭിച്ച ഭവന പദ്ധതിയായ ലൈഫിൽ പട്ടികജാതിക്കാർക്ക് പുതിയ വീടുകൾ നൽകുന്നുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി ഭവന പുനരുദ്ധാരണം നടന്നിട്ടില്ല. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഉൾപ്പെടെ വിവിധ ഭവന പദ്ധതികൾ ലൈഫിൽ ലയിപ്പിച്ചിരുന്നു. ലൈഫിന്റെ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് വിവിധ ദുർബല വിഭാഗങ്ങൾക്ക് വീട് നൽകുന്നതിൽ കാലതാമസം വരുത്തുന്നുവെന്നും വിമർശനമുയർന്നിട്ടുണ്ട്. സര്‍ക്കാര്‍ സഹായധനം ഉപയോഗിച്ചുള്ള വീടുകള്‍ പലപ്പോഴും അവസാനഗഡു കിട്ടാനുള്ള തട്ടിക്കൂട്ട് പൂര്‍ത്തിയാക്കല്‍ മാത്രമായി ഒതുങ്ങുന്നുവെന്നാണ് പട്ടികജാതി വകുപ്പിന്റെ വിലയിരുത്തല്‍.