“കൊട്ടും വരയും”; സംസ്ഥാന സ്കൂൾ കലോത്സവ പ്രചരണ പരിപാടികൾക്ക് കോഴിക്കോട് തുടക്കം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കൊട്ടും വരയും” എന്ന പരിപാടി സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 10) വൈകിട്ട് 5.30ന് കോഴിക്കോട് കടപ്പുറത്ത് 61 പ്രാവുകളെ പറത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. 61-ാമത് സ്കൂൾ കലോത്സവത്തിന്‍റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ 61 വിദ്യാർത്ഥികൾ ബലൂണുകളുമായി അണിനിരക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എയും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ഉൾപ്പെടെ 61 ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

ഓപ്പൺ ക്യാൻവാസ് ഒരുക്കുന്നതിനൊപ്പം കലാകാരൻമാരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന പരിപാടിയിൽ കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ സംഗീത പരിപാടികളും ഉണ്ടായിരിക്കും. വിവിധ ഉപസമിതി ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഈ അക്കാദമിക് കലണ്ടറിലെ സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെയാണ് നടക്കുക. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്കൂളുകളിൽ നിന്നായി 14,000 വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും. 1956-ൽ ആരംഭിച്ച സ്കൂൾ കലോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവമായാണ് കണക്കാക്കപ്പെടുന്നത്.