ഒറ്റ തൂണിൽ ഏറ്റവും നീളമുള്ള ഇരട്ട മേല്‍പ്പാത; നാഗ്പൂർ പാതയ്ക്ക് ലോക റെക്കോർഡ്   

മുംബൈ: നാഗ്പൂർ നഗരത്തിലെ ഇരട്ട മേല്‍പ്പാതയ്ക്ക് ലോക റെക്കോർഡ്. ഇവിടെ മൂന്ന് പാതകളാണ്, ഒന്നിന് മുകളിൽ ഒന്നായി ഉള്ളത്. ഏറ്റവും താഴ്ന്നത് പഴയ വാർധ ദേശീയ പാതയാണ്. അതിന് മുകളിൽ സമാന്തരമായി മേല്‍പ്പാത. അതിന് മുകളിലായി മെട്രോ ലൈൻ. ഈ രണ്ട് മേൽപ്പാതകളും ഒറ്റ തൂണിലാണ് നിൽക്കുന്നത്.

ഒറ്റ തൂണിൽ ഏറ്റവും നീളമുള്ള ഇരട്ട മേല്‍പ്പാത നിർമ്മിച്ചതിനാണ് നാഷണൽ ഹൈവേ അതോറിറ്റിക്കും മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷനും ഗിന്നസ് വേൾഡ് റെക്കോർഡ്. 3.14 കിലോമീറ്റർ നീളത്തിലാണ് ഇരട്ട മേൽപ്പാതകൾ നിർമ്മിച്ചിരിക്കുന്നത്.

ദേശീയ പാത അതോറിറ്റിയെയും മഹാരാഷ്ട്ര മെട്രോയെയും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അഭിനന്ദിച്ചു. ഏഷ്യാ ബുക്ക് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് റെക്കോർഡ്സിലും ഇടം നേടിയ ശേഷമാണ് ലോക റെക്കോർഡ് എന്നും ഗഡ്കരി പറഞ്ഞു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് നന്ദിയുണ്ടെന്നും ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.