സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണം; വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ്
തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാൻ വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന്റെ ശുപാർശ. ഈ ആവശ്യമുന്നയിച്ച് സർക്കാരിന് കത്ത് നൽകി. വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന്‍റെ നടപടി തീരദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് ലത്തീൻ അതിരൂപത പറഞ്ഞു. വിഴിഞ്ഞം സമരം 54-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.
വിഴിഞ്ഞം സമരം തുടങ്ങി 54 ദിവസം പിന്നിടുമ്പോൾ 100 കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സർക്കാരും പൊലീസും ആവർത്തിച്ച് ഇടപെട്ടിട്ടും അനുനയത്തിന്റെ ഒരു ലക്ഷണവും കാണിക്കാത്ത സമരത്തിന്‍റെ നഷ്ടം ലത്തീൻ അതിരൂപത ഏറ്റെടുക്കണമെന്നാണ് സർക്കാരിന്റെ തുറമുഖ നിർമ്മാണ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച വിസിൽ ഈ നിർദ്ദേശം അടങ്ങിയ കത്ത് തുറമുഖ വകുപ്പിന് കൈമാറി.
തുറമുഖ കവാടത്തിലെ സമരം ഹൈക്കോടതിയുടെ നിർദ്ദേശങ്ങളുടെ ലംഘനമായതിനാൽ നാശനഷ്ടങ്ങൾ ഈടാക്കാൻ ലത്തീൻ അതിരൂപതയ്ക്ക് നോട്ടീസ് നൽകണമെന്നാണ് വിസിൽ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ സമരങ്ങളിൽ ഉണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിർദേശം വിഴിഞ്ഞം സമരത്തിനും ബാധകമാണെന്നാണ് വിസിൽ പറയുന്നത്.