കടലോളം ആഴത്തിൽ മെസ്സിയോടുള്ള സ്നേഹം; കടലിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരാധകൻ‌

മലപ്പുറം: ലക്ഷദ്വീപിലെ കവരത്തിയിൽ നിന്നുള്ള അർജന്‍റീന ആരാധകൻ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിന് തൊട്ടുമുമ്പ് തന്‍റെ പ്രിയപ്പെട്ട ടീം കളി ജയിച്ചാൽ, സന്തോഷത്തിന്‍റെ അടയാളമായി മെസിയുടെ കട്ടൗട്ട് കടലിന്‍റെ അടിത്തട്ടിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടുമുള്ള അർജന്‍റീന ആരാധകർ ആഗ്രഹിച്ചതുപോലെ മൂന്ന് ഗോളുകളോടെയാലാണ് മെസി ഫൈനലിൽ എത്തിയത്.

ഇപ്പോൾ സ്വാദിഖും സംഘവും തന്‍റെ പ്രഖ്യാപനം നിറവേറ്റിയിരിക്കുന്നു. അറബിക്കടലിനടിയിൽ 15 മീറ്റർ ആഴത്തിൽ ക്യാപ്റ്റൻ ലയണൽ മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നു. ആഴക്കടലിന് തൊട്ടുമുമ്പുള്ള ‘അത്ഭുതമതിൽ’ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്കിടയിൽ റൊസാരിയോ രാജകുമാരൻ തിളങ്ങുന്നു. സ്കൂബാ ടീമിന്‍റെ സഹായത്തോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.

കടലിൽ മെസിയുടെ കട്ടൗട്ടിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വൈറലാകുകയാണ്. ലക്ഷദ്വീപിന്‍റെ അർജന്‍റീനയോടുള്ള സ്നേഹം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സാഹസിക ലക്ഷ്യം നിറവേറ്റിയതെന്ന് സ്വാദിഖ്. കവരത്തിയിലെ സർക്കാർ സ്കൂളിലെ കായിക വകുപ്പിലെ ജീവനക്കാരനാണ് സ്വാദിഖ്. ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കിടുന്ന വ്ലോഗർ കൂടിയാണ് അദ്ദേഹം.