ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റായി മാറിയേക്കും

ന്യൂഡൽഹി: ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദ്ദം തിങ്കഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റായി മാറിയേക്കും. ‘സിട്രാങ്’ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും കനത്ത മഴയ്ക്കു കാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ബംഗാളിലെ സാഗര്‍ ദ്വീപിന് 1,460 കിലോമീറ്റര്‍ തെക്കുകിഴക്കായി വടക്കന്‍ ആന്‍ഡമാനിലാണ് ശനിയാഴ്ച രാവിലെ എട്ടരയോടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതു പിന്നീട് പടിഞ്ഞാറന്‍ തീരത്തേക്കു കേന്ദ്രീകരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെ വടക്കു പടിഞ്ഞാറന്‍ ദിക്കിലേക്കു നീങ്ങിയ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിലെത്തുമ്പോള്‍ ശക്തമാകും. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ചുഴലിയായി മാറും. 25നു രാവിലെ ബംഗ്ലാദേശ് തീരത്തേക്കു കടക്കുമെന്നുമാണ് പ്രവചനം.

അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്. 26 വരെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷ, ബംഗാള്‍ തീരങ്ങളിലും മീന്‍പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.