വെഞ്ഞാറമൂട് ആംബുലന്‍സ് അപകട സമയത്ത് വാഹനമോടിച്ചിരുന്നത് മെയിൽ നേഴ്സ്; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് അച്ഛനും മകൾക്കും ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് മെയിൽ നഴ്സ്. പിന്നീട് ഗുരുതരമായി പരിക്കേറ്റ ഷിബു മരിച്ചു. നാലുവയസുകാരിയായ മകൾ അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സ് അമലാണ് വാഹനം ഓടിച്ചിരുന്നത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീതിൽ നിന്ന് വാഹനം കൈമാറി ഓടിക്കുകയായിരുന്നു. അശ്രദ്ധമൂലമുള്ള മരണത്തിന് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

റോഡരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും അമിതവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ച് ആണ് പരിക്കേറ്റത്. വെഞ്ഞാറമൂട് സ്വദേശികളായ ഇവർ വഴിയരികിലെ ഒരു ലാബിനു മുന്നിൽ നിൽക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. മകൾ അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.   

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടർന്ന് ഷിബുവിനെയും നാല് വയസുള്ള മകൾ അലംകൃതയെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയിലിരിക്കെയാണ് ഷിബു മരിച്ചത്. അലംകൃതയുടെ പരിക്കും അതീവ ഗുരുതരമാണ്.