ലോകകപ്പ് ഫൈനലിനിടെ സന്ദേശം അറിയിക്കണം; യുക്രൈൻ പ്രസിഡൻ്റിൻ്റെ ആവശ്യം തള്ളി ഫിഫ

ദോഹ: ലോകകപ്പ് ഫൈനലിൽ തന്‍റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ അനുവദിക്കണമെന്നായിരുന്നു സെലെൻസ്കിയുടെ അഭ്യർത്ഥന. യുക്രൈൻ സർക്കാരും ഫിഫയും ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്ട്ര സമ്മേളനങ്ങളിലും മേളകളിലും സമാധാനത്തിനും സഹായത്തിനുമായി സെലെൻസ്കി അഭ്യർഥന നടത്താറുണ്ട്. ഇസ്രായേൽ പാർലമെന്‍റ്, ഗ്രാമി അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നിവയിലെല്ലാം സമാധാനത്തിനും സഹായത്തിനുമായി സെലെൻസ്കി അഭ്യർത്ഥിച്ചിരുന്നു.

ഫിഫ എല്ലാ രാഷ്ട്രീയ സന്ദേശങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഖത്തറിലെ ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചും പ്രതികരിക്കാൻ ഫിഫ വിസമ്മതിച്ചു. മഴവിൽ നിറത്തിലുള്ള ബാൻഡ് ധരിക്കുന്നതിൽ നിന്ന് കളിക്കാരെ ഫിഫ വിലക്കിയിരുന്നു. രാഷ്ട്രീയ മാനങ്ങൾ പ്രകടിപ്പിക്കുന്ന മറ്റ് പതാകകളും ഫിഫ നിരോധിച്ചിട്ടുണ്ട്.