കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പൊന്നും ശരിയല്ല, നേരിടുകയേ മാര്‍ഗമുള്ളൂ: മന്ത്രി എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങളും മുന്നറിയിപ്പുകളും മാറിമറിയുന്നതായി മന്ത്രി എം.വി. ഗോവിന്ദൻ. കണ്ണൂരിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കാലാവസ്ഥയെക്കുറിച്ചുള്ള അറിയിപ്പുകളൊന്നും ശരിയല്ല. അവർ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും അത് സ്വയം പിന്‍വലിക്കുകയും ചെയ്തു. അത് പ്രഖ്യാപിക്കുകയോ പറയുകയോ ചെയ്യുന്നതിൽ അർത്ഥമില്ല. അതിനെ നേരിടുക എന്നതാണ് ഏക പോംവഴി. ഏത് പ്രതികൂല സാഹചര്യവും നേരിടാനും ഒരുമിച്ച് നിൽക്കാനുള്ള ധൈര്യവും കേരളജനതയ്ക്കുണ്ട്” ഗോവിന്ദൻ പറഞ്ഞു.

കോളയാട്, കണിച്ചാർ, പേരാവൂർ, കേളകം തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ തരത്തിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 30 ഓളം സ്ഥലങ്ങളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടെന്നും എത്ര സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്ന് കൃത്യമായി പറയാൻ പോലും സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.