ഇടമലക്കുടിയുടെ ദുരിതത്തിന് അവസാനമാകുന്നു; റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചു

ഇടമലക്കുടി (ഇടുക്കി): സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും ദുരിതത്തിനും അവസാനമാകുന്നു. ഇടമലക്കുടിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി റോഡ് നിർമ്മാണത്തിനായി 13.70 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പട്ടികവർഗ വികസന ഡയറക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും റോഡ് നിർമ്മാണം.

ഇടമലക്കുടിയിലെ മുഴുവൻ ജനങ്ങളുടെയും പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആവശ്യമാണ് യാത്ര ചെയ്യാനുള്ള പാത. ഇത് പരിഹരിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വനംവകുപ്പ് തടസ്സമായി. എന്നാൽ ഇടമലക്കുടിയുടെ സാഹചര്യം പരിഗണിച്ച് കോൺക്രീറ്റ് റോ‍ഡ് നിർമ്മാണത്തിന് തടസം നിൽക്കില്ലെന്ന് ഇത്തവണ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് കൊടുത്തു. ഇതോടെയാണ് 13 കോടി 70 ലക്ഷം രൂപ ഫണ്ടനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ഈ പണം ഉപയോഗിച്ച് പെട്ടിമുടി മുതൽ ഇടലിപാറകുടി വരെയുള്ള 14 കിലോമീറ്റർ ദുർഘടമായ റോഡ് കോൺക്രീറ്റ് ചെയ്യും. അപ്രോച്ച് റോഡിന്‍റെ അഭാവം മൂലം ഉപയോഗ ശൂന്യമായി കിടക്കുന്ന പാലം ഗതാഗത യോഗ്യമാക്കാനും തീരുമാനമായി. ഇതോടെ മഴക്കാലത്ത് ഇടമലക്കുടി ഒറ്റപ്പെടുന്ന പതിവ് രീതി ഇല്ലാതാകും. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നത് പട്ടികവർഗ വികസന ഡയറക്ടറായിരിക്കും.