ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്ക് ‘മോദി സർക്യൂട്ട്’വരുന്നു

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലാണ് ‘മോദി സർക്യൂട്ട്’ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. അതിജീവന റിയാലിറ്റി ഷോയായ ‘മാൻ വേഴ്സസ് വൈൽഡ്’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആതിഥേയനായ ബിയര്‍ ഗ്രിൽസും ദേശീയോദ്യാനത്തിനുള്ളിൽ സന്ദർശിച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി വികസിപ്പിക്കുന്നത്.

2019 ഓഗസ്റ്റിൽ സംപ്രേഷണം ചെയ്ത പ്രത്യേക എപ്പിസോഡിൽ ആണ് ഗ്രിൽസ്, മോദി എന്നിവർ പങ്കെടുത്തത്. കശ്മീരിൽ പുൽവാമ ഭീകരാക്രമണം നടന്ന ദിവസമായിരുന്നു ചിത്രീകരണം.വരും ദിവസങ്ങളിൽ താൻ സന്ദർശിച്ച പ്രദേശം ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് മോദി അന്ന് പറഞ്ഞിരുന്നു.
ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രമെടുത്ത രുദ്ര ഗുഹ, ചങ്ങാടം തുഴഞ്ഞ സ്ഥലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷൻ ബോർഡുകൾ സ്ഥാപിക്കുമെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു. ക്രൊയേഷ്യൻ സന്ദർശന വേളയിൽ ഗെയിം ഓഫ് ത്രോണ്‍സ് പര്യടനത്തെക്കുറിച്ച് കേട്ടപ്പോഴാണ് മോദി സർക്യൂട്ട് എന്ന ആശയം മനസിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട ദിവസം ആഘോഷിക്കാനാണോ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കരണ്‍ മഹാര ചോദിച്ചു.