മോർബി ദുരന്തം; കമ്പനി ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 130 ലധികം പേരുടെ ജീവനെടുത്ത സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കമ്പനി ഉദ്യോഗസ്ഥർ, ടിക്കറ്റ് വിൽപ്പനക്കാർ, തൂക്കുപാലത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാണ് അറസ്റ്റിലായത്. പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ഒറേവ എന്ന കമ്പനി നിരവധി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിന് ശേഷം തുറന്ന് നാല് ദിവസത്തിന് ശേഷമാണ് അപകടമുണ്ടായത്.
മാച്ചു നദിക്ക് കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച 140 വർഷം പഴക്കമുള്ള പാലത്തിന്‍റെ അറ്റകുറ്റപ്പണിക്കുള്ള കരാർ മാർച്ചിൽ ഒറേവ ഏറ്റെടുത്തിരുന്നു. ഏഴ് മാസത്തിന് ശേഷം ഒക്ടോബർ 26ന് ഗുജറാത്തി പുതുവത്സര ദിനത്തിൽ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെയെങ്കിലും പാലം അടച്ചിടണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഏഴ് മാസത്തിന് ശേഷം പാലം തുറന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എഫ്ഐആറിൽ പറയുന്നു.
12 രൂപ മുതൽ 17 രൂപ വരെ വിലയുള്ള ടിക്കറ്റ് 500 ഓളം പേർക്കാണ് ഇന്നലെ വിറ്റത്. ധാരാളം ആളുകൾ ഒത്തുകൂടിയത് പഴയ മെറ്റൽ കേബിളുകൾ പൊട്ടാൻ കാരണമായി. ഒരേ സമയം 125 പേർക്ക് മാത്രമേ പാലത്തിൽ കയറാൻ കഴിയൂ. പാലത്തിൽ കയറി കേബിളുകൾ മനപ്പൂർവ്വം കുലുക്കുന്ന ചിലരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇതേതുടർന്ന് ടിക്കറ്റ് വിൽപ്പനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു.