ലോകകപ്പിൽ സെമിഫൈനല്‍ വരെ എത്തിയ മൊറോക്കന്‍ ടീമിന് രാജ്യത്ത് ഉജ്ജ്വല സ്വീകരണം

റബാത്ത്: ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്‍റെ സെമിഫൈനല്‍ വരെ എത്തിയ മൊറോക്കൻ ടീമിന് സ്വന്തം നാട്ടിൽ ഉജ്ജ്വല സ്വീകരണം. ഫിഫ ലോകകപ്പിൽ സെമി ഫൈനൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. തലസ്ഥാനമായ റബാത്തിൽ തുറന്ന ബസിൽ പരേഡ് നടത്തിയ ‘അറ്റ്ലസ് ലയൺസിനെ’ റോഡിന്‍റെ ഇരുവശങ്ങളിലും അണിനിരന്ന ആയിരക്കണക്കിനാളുകൾ സ്വാഗതം ചെയ്തു. റബാത്തിലെ തെരുവുകൾ ചുവപ്പിലും പച്ചയിലും കുളിച്ചു നിന്നു. ജനക്കൂട്ടം വാദ്യമേളങ്ങളുടെ അകമ്പടിയിൽ നൃത്തം ചെയ്തു.

ബെൽജിയം, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ടീമുകളെ തോൽപ്പിച്ചാണ് മൊറോക്കോ സെമിയിലെത്തിയത്. സെമി ഫൈനലിൽ അവർ ഫ്രാൻസിനോട് തോറ്റു. ചൊവ്വാഴ്ചയാണ് മൊറോക്കൻ ടീം സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. റബാത്തിൽ വന്നിറങ്ങിയ കളിക്കാരെ തുറന്ന ബസിൽ തെരുവുകളിലൂടെ ആനയിക്കുമ്പോൾ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പടെ അണിനിരന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ മൊറോക്കോ 11-ാം സ്ഥാനത്തേക്ക് ഉയർന്നു. നേരത്തെ 22-ാം സ്ഥാനത്തായിരുന്നു.