ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി; 100 വർഷം മുൻപ് മരിച്ച 2 വയസുകാരി
100 വർഷം മുമ്പ് മരിച്ച രണ്ട് വയസ്സുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈ പെൺകുട്ടിയുടെ പേര് റൊസാലിയ ലോംബാർഡോ എന്നാണ്. 1920 ഡിസംബർ 2ന് രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പ് റൊസാലിയ മരിക്കുകയായിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, 1918 ൽ ആളുകളെ ബാധിച്ച സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധി കാരണം ന്യൂമോണിയ ബാധിച്ചാണ് അവൾ മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം വടക്കൻ സിസിലിയിലെ പലേർമോയിലെ ഒരു കപ്പൂച്ചിൻ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരിക്കുകയാണ്. 100 വർഷം കഴിഞ്ഞിട്ടും അത് അവിടെത്തന്നെ നിലനിൽക്കുന്നു.
പാരിസ്ഥിതിക ഘടകങ്ങളിൽ നിന്ന് ശരീരത്തിന്‍റെ തകർച്ച തടയുന്നതിനായി റൊസാലിയയുടെ ശരീരം നൈട്രജൻ നിറച്ച ഒരു ഗ്ലാസ് പെട്ടിക്കുള്ളിലാണ് സൂക്ഷിക്കുന്നത്. ഒരു നൂറ്റാണ്ടിന് ശേഷവും റൊസാാലിയയുടെ ശരീരം നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കേന്ദ്രം കൂടിയാണ്. കപ്പൂച്ചിൻ ശവകുടീരത്തിൽ ഏകദേശം 8,000 മമ്മികൾ ഉണ്ട്. പക്ഷേ, റൊസാലിയയെപ്പോലെ മറ്റാരും സംരക്ഷിക്കപ്പെട്ടിട്ടില്ല.
സംരക്ഷിത ഗ്ലാസ് ശവപ്പെട്ടിക്കുള്ളിൽ അവളുടെ മനോഹരമായ മുടിയും ചർമ്മവും ഇപ്പോഴും കേടുകൂടാതെയുള്ളത് എങ്ങനെയെന്ന് ആർക്കും അറിയില്ല. വർഷങ്ങളായി, ഇതിനെ ചുറ്റിപ്പറ്റി നിരവധി സിദ്ധാന്തങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇത് വ്യാജ മെഴുക് കോപ്പിയാണെന്ന് ചിലർ അവകാശപ്പെടുമ്പോൾ, മറ്റ് ചിലർ റൊസാലിയ തങ്ങൾക്ക് നേരെ കണ്ണടച്ചുവെന്നും അവകാശപ്പെട്ടു.