ഡൽഹി എയിംസിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ആശുപത്രിയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസിന്റെ പേര് മാറ്റാനുള്ള നിർദ്ദേശത്തിൽ ഡൽഹി എയിംസ് ഫാക്കൽറ്റി അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. എയിംസിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുമെന്ന് എയിംസ് ഫാക്കൽറ്റി അസോസിയേഷൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തിൽ പറയുന്നു.

എയിംസിന്റെ പേര് മാറ്റുന്നതിനെ മുഴുവൻ ഫാക്കൽറ്റി അംഗങ്ങളും എതിർത്തതായി അസോസിയേഷൻ പറയുന്നു. പേര് മാറ്റം രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനത്തിന് ലഭിച്ച അംഗീകാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, രോഗി പരിചരണം എന്നിവയ്ക്കുള്ള ഒരു ദൗത്യവുമായി 1956 ൽ എയിംസ് സ്ഥാപിതമായി. സ്ഥാപനത്തിന്റെ പേര് മാറ്റിയാൽ ഐഡന്റിറ്റി നഷ്ടപ്പെടുമെന്നതിനാൽ ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് അസോസിയേഷൻ കത്തിൽ ആവശ്യപ്പെടുന്നു. രാജ്യത്തുടനീളം 23 സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന എയിംസിന് സ്വാതന്ത്ര്യസമര സേനാനികൾ, മേഖലയിലെ സാമൂഹിക പരിഷ്കർത്താക്കൾ, ചരിത്രസ്മാരകങ്ങൾ എന്നിവയുടെ പേരിടാനുള്ള തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകുന്നതിനിടെയാണ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.

ഇക്കാരണത്താലാണ് ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, ഹാർവാർഡ് തുടങ്ങിയ ലോകപ്രശസ്ത സർവകലാശാലകൾക്ക് നൂറ്റാണ്ടുകളായി ഒരേ പേരുകൾ തന്നെ നിലനിർത്തിയിരുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ യോജനയ്ക്ക് കീഴിൽ രാജ്യത്ത് നിർമ്മാണത്തിലിരിക്കുന്ന എയിംസ് ആശുപത്രികൾക്കും പേര് മാറ്റം ബാധകമായിരിക്കും.