പുതിയ പാർട്ടിയുടെ പേരും കൊടിയും ജമ്മുവിലെ ജനം തീരുമാനിക്കും; ഗുലാം നബി ആസാദ്

ശ്രീനഗർ: പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ പേരും പതാകയും ജമ്മുവിലെ ജനങ്ങൾ തീരുമാനിക്കും. ജമ്മു കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി വീണ്ടെടുക്കുന്നതിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗുലാം നബി പറഞ്ഞു. ജമ്മുവിൽ സംഘടിപ്പിച്ച മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു ആസാദ്.

“പുതിയ പാർട്ടിയുടെ പേര് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജമ്മുവിലെ ജനങ്ങളാണ്. എല്ലാവർക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി പേര് പാർട്ടിക്ക് നല്‍കും. കോൺഗ്രസ് വിട്ടതിന് ശേഷമുള്ള ഗുലാം നബി ആസാദിന്‍റെ ആദ്യ പൊതുയോഗമാണ് ജമ്മു കശ്മീരിൽ ഇന്ന് നടന്നത്.

ഞാൻ എല്ലായ്പ്പോഴും ജമ്മു കശ്മീരിലെ ജനങ്ങൾക്കൊപ്പമാണ്. ഇപ്പോൾ ഞാൻ മുഖ്യമന്ത്രിയോ മന്ത്രിയോ അല്ല. ഞാനൊരു മനുഷ്യൻ മാത്രമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് എന്നെ പിന്തുണച്ചത്. മുൻ മന്ത്രിമാർ പോലും രാജിവച്ച് എന്നോടൊപ്പം ചേർന്നു. ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ ആസാദ് വിമർശിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയോ കംപ്യൂട്ടറുകളിലൂടെയോ അല്ല, രക്തം നൽകിയാണ് തങ്ങൾ കോൺഗ്രസിനെ വളർത്തിയതെന്നും ആസാദ് പറഞ്ഞു.