NHAI ആപ്പിനേക്കുറിച്ച് ‘ന്നാ താൻ കേസ് കൊട്’ ടീം
റോഡിലെ കുഴി പ്രധാനപ്രമേയമായി വന്ന് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീമിന്റെ ‘ന്നാ താൻ കേസ് കൊട്’. സിനിമ റിലീസ് ചെയ്ത ദിവസം നൽകിയ പത്രപരസ്യത്തിന്‍റെ പേരിലും ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ആപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.
റോഡിലെ കുഴികൾ റിപ്പോർട്ട് ചെയ്യുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആപ്പ് വികസിപ്പിക്കുന്നു. ഈ വാർത്തയോടാണ് ന്നാ താൻ കേസ് കൊട് ടീം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ‘ഇപ്പോ മനസിലായില്ലേ, ചിലതൊക്കെ ശരിയാക്കാൻ സിനിമയ്ക്കും പരസ്യവാചകങ്ങൾക്കും പറ്റുമെന്ന്’ എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിലെ വാചകം.
ദേശീയപാതയിലെ കുഴികളെക്കുറിച്ചും ശോചനീയാവസ്ഥകളെക്കുറിച്ചും അധികൃതരെ അറിയിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ സംവിധാനവും ഉടൻ ഏർപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കാൻ സമയപരിധി നിശ്ചയിക്കും. ഇതിൽ വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ചുമത്താൻ വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.