പുതിയ പാഠ്യപദ്ധതി; സംസ്ഥാനത്ത് കാമ്പസുകളില്‍ രാത്രി എട്ടരവരെ അക്കാദമിക അന്തരീക്ഷം
തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തന സമയം മാറിയേക്കും. കാമ്പസുകളിൽ രാവിലെ 8- 8.30 മുതൽ രാത്രി 8-8.30 വരെ അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണങ്ങൾ. അതേസമയം, ക്ലാസുകളുടെ സമയത്തില്‍ നിലവിലെ പാറ്റേൺ തുടരും. ഇതിനുപുറമെ, കോളേജുകളുടെ പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ ആറ് ദിവസമായി ഉയർത്താനും ആലോചനയുണ്ട്.
അധ്യാപകരുടെ ജോലി സമയം മാറ്റാതെയാണ് പുനഃക്രമീകരണം നടത്തുക. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും സ്വന്തം സമയം അനുസരിച്ച് പൂർത്തിയാക്കാനും കഴിയുന്ന തരത്തിൽ ക്രെഡിറ്റിന് ഊന്നൽ നൽകിക്കൊണ്ട് പാഠ്യപദ്ധതി പുനഃസംഘടിപ്പിക്കാനാണ് ശുപാർശ.
പഠനത്തിന്‍റെ ഭാഗമായുള്ള അക്കാദമിക്, സാമൂഹിക പ്രവർത്തനങ്ങൾക്ക് നിശ്ചിത ക്രെഡിറ്റ് നൽകും. വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ, സംവാദങ്ങൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ നടത്തുകയും അതനുസരിച്ച് ആനുപാതികമായ ക്രെഡിറ്റ് വിദ്യാർത്ഥിക്ക് നൽകുകയും ചെയ്യും. പഠനം കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതമാക്കുക എന്നതാണ് പരിഷ്കരണത്തിന്‍റെ ലക്ഷ്യം.