“പട്ടികവർഗ്ഗക്കാർ പട്ടിണിയിലെന്ന വാർത്ത വസ്തുതാ വിരുദ്ധം”

പത്തനംതിട്ട: പത്തനംതിട്ടയിലെ പട്ടികവർഗക്കാർ പട്ടിണിയിലാണെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ജില്ലയിൽ നിന്നുള്ള ആറ് പട്ടികവർഗക്കാരുടെ ചിത്രം ഭക്ഷണം ലഭിക്കാതെ ചക്ക പങ്കിടുന്നത് പോലെ ഉയർന്നുവന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വസ്തുതകൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി. ആറുപേരും ളാഹയ്ക്കടുത്തുള്ള വനമേഖലയിലെ താമസക്കാരാണ്. പട്ടികവർഗ വികസന വകുപ്പിന്‍റെയും ഭക്ഷ്യവിതരണ വകുപ്പിന്‍റെയും സേവനങ്ങൾ ഇവിടെ പതിവായി ലഭ്യമാണ്. വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്; ഭക്ഷണമൊന്നും ലഭിക്കാത്തതിനാൽ ചക്ക പങ്കിട്ടു കഴിക്കുന്നു എന്ന രീതിയിൽ പത്തനംതിട്ട ജില്ലയിൽ നിന്നും ആറ് പട്ടികവർഗ്ഗക്കാരുടെ ചിത്രം വാർത്തയായി വന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കുവാൻ ഉടൻ തന്നെ നിർദ്ദേശവും നൽകി. പത്തനംതിട്ട ജില്ല ട്രൈബൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തുകയുണ്ടായി. ജില്ലയിൽ ളാഹയ്ക്കടുത്തുള്ള വനമേഖലകളിൽ താമസിക്കുന്നവരാണ് ഈ ആറ് പേരും. ഇവിടെ 261 പട്ടികവർഗ്ഗ കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 107 കുടുംബക്കാർ വനവിഭവ ശേഖരണാർത്ഥം അടിക്കടി വാസസ്ഥലങ്ങൾ മാറുന്ന ശീലം ഇപ്പോഴും ഉള്ളവരാണ്. ഉദ്യോഗസ്ഥ സംഘം വാർത്തയിൽ ഉണ്ടായിരുന്ന വ്യക്തികളുടെ വീടും സന്ദർശിച്ചു അവരുടെ അവസ്ഥ വിലയിരുത്തി. ഈ സ്ഥലത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങൾ കൃത്യമായി എത്തിച്ചേരുന്നുണ്ട്. പ്രസ്തുത കുടുംബത്തിൽ 60 കിലോ ധാന്യങ്ങൾ കരുതൽ ഉണ്ടായിരുന്നു.