ഹിമക്കരടികളുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്

കാനഡ: ലോകത്തിലെ ഹിമക്കരടികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ചർച്ചിൽ നഗരത്തിൽ അവയുടെ എണ്ണത്തിൽ കുറവ് കാണുന്നതായി റിപ്പോർട്ട്. കാനഡയുടെ പടിഞ്ഞാറൻ ഹുഡ്സണ്‍ ബേയിലാണ് ഹിമക്കരടികളുടെ എണ്ണം ഗണ്യമായി കുറയുന്നത്. സർക്കാർ നടത്തിയ പുതിയ സർവേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. 2016 ൽ ഈ പ്രദേശത്ത് 842 ഹിമക്കരടികള്‍ ഉണ്ടായിരുന്നു, എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം (2021) 618 എണ്ണം മാത്രമേ ഉള്ളൂ. ഇത് 1980 ലെ ഈ പ്രദേശത്തെ ഹിമകരടികളുടെ എണ്ണത്തിന്‍റെ പകുതി മാത്രമാണ്.

പ്രദേശത്തെ ഹിമക്കരടികൾ അവരുടെ ഉപജീവനത്തിനായി ആർട്ടിക് മഞ്ഞുപാളികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന താപനില മഞ്ഞുരുകൽ പോലുള്ള സംഭവങ്ങളിലേക്ക് നയിച്ചു. പെൺ ഹിമക്കരടികളും കുട്ടി ഹിമക്കരടികളുമാണ് ഇതിന്‍റെ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.

ഉപജീവനം, വേട്ടയാടല്‍. പ്രത്യുത്പാദനം എന്നിവയ്ക്കായി ഹിമക്കരടികള്‍ മഞ്ഞുപാളികളെ ആശ്രയിക്കുമ്പോള്‍ വില്ലനാകുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. ഹിമക്കരടികളുടെ കുഞ്ഞുങ്ങളെ പോലും പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും, ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ കഴിയാത്തതാണ് അവരുടെ മരണത്തിലേക്ക് നയിക്കുന്നത്.