കുടിയേറ്റക്കാരുടെ ബാഹുല്യം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക്

ന്യൂയോർക്ക്: കുടിയേറ്റക്കാരുടെ വർദ്ധനവ് കാരണം ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് മേയർ എറിക് ആഡംസ് വെള്ളിയാഴ്ചയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ തെക്കൻ അതിർത്തികളിൽ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള ഷെൽട്ടറുകൾ നിറഞ്ഞതിന് തുടർന്നാണിത്. നഗരത്തിലെ അഭയകേന്ദ്രങ്ങളിൽ സ്ഥലമില്ലാത്തതിനാൽ ന്യൂയോർക്ക് മേയർ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സഹായം തേടി. 

റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ രാഷ്ട്രീയ താൽപര്യം മുൻ നിർത്തിയാണ് കുടിയേറ്റക്കാരെ ന്യൂയോർക്കിലേക്ക് അയയ്ക്കുന്നതെന്നും ആഡംസ് ആരോപിച്ചു. ന്യൂയോർക്കിന്‍റെ മൂല്യങ്ങളും പാർപ്പിടത്തിനായുള്ള നിയമങ്ങളും പ്രയോജനപ്പെടുത്താനുള്ള ശ്രമമായാണ് ആഡംസ് ഇതിനെ കാണുന്നത്. എന്നാൽ, ആഡംസിന്‍റെ നടപടി രാഷ്ട്രീയ നാടകമാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. 

നഗരത്തിലെ ഷെൽട്ടറുകളിൽ സ്ഥലമില്ല, 20,000 കുട്ടികൾ ഉൾപ്പെടെ 61,000 കുടിയേറ്റക്കാരുണ്ട്. നിലവിൽ 40 ഹോട്ടലുകൾ ഷെൽട്ടറുകളാക്കി മാറ്റിയിട്ടുണ്ട്. നമുക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകൾ ന്യൂയോർക്കിലേക്ക് വരുന്നുണ്ട്. വെനസ്വേല, ക്യൂബ, നിക്കരാഗ്വ എന്നിവയുൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങൾ യുഎസ്-മെക്സിക്കോ അതിർത്തി വഴി നഗരത്തിലെത്തുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 5,500 ലധികം കുടിയേറ്റ വിദ്യാർത്ഥികളെ അടുത്തിടെ ന്യൂയോർക്കിലെ പൊതുവിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചു.