ഭൂമിയിലെ വന്യ ജീവികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞെന്ന് റിപ്പോർട്ട്

ആഗോള വന്യ ജീവികളുടെ എണ്ണം 1970-കൾക്ക് ശേഷം മൂന്നിലൊന്നായി കുറഞ്ഞെന്ന് റിപ്പോർട്ട്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഡബ്ല്യുഡബ്ല്യുഎഫ് 2020 ൽ നടത്തിയ പഠനങ്ങളിൽ ഇത് പ്രതിവർഷം 2.5 ശതമാനമായി കുറയുന്നുവെന്ന് കണ്ടെത്തി. ജനസംഖ്യാ വർധനവ് മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ നാശവും, മലിനീകരണവും, കാലാവസ്ഥാ വ്യതിയാനം പോലുള്ള ഘടകങ്ങളും തകർച്ചയെ ത്വരിതപ്പെടുത്തി.

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2018 ലെ വിവര ശേഖരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതനുസരിച്ച് ആഗോള വന്യ ജീവികളുടെ എണ്ണത്തിൽ ശരാശരി 69 ശതമാനം ഇടിവുണ്ടായി. 1994 നും 2016 നും ഇടയിൽ ബ്രസീലിയൻ ആമസോൺ പിങ്ക് റിവർ ഡോൾഫിനുകളുടെ എണ്ണത്തിൽ 65 ശതമാനം കുറവ് രേഖപ്പെടുത്തി.

ലാറ്റിനമേരിക്കയിലും കരീബിയയിലും അഞ്ച് പതിറ്റാണ്ടിനിടെ 94 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ദേശീയോദ്യാനത്തിനടുത്തുള്ള വനപ്രദേശത്തെ മൗണ്ടൻ ഗൊറില്ലകളുടെ എണ്ണം 2018 ഓടെ 400 ൽ നിന്ന് 600 ആയി ഉയർന്നു.