പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല; മെറ്റയിലെ ചീഫ് ടെക്‌നോളജി ഓഫീസർ ജോണ്‍ കാര്‍മാക് രാജിവെച്ചു

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി. മെറ്റയിലെ വെർച്വൽ റിയാലിറ്റി ഡിവിഷന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന ജോൺ കാർമാക്കാണ് രാജിവെച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കാര്‍മാക് മെറ്റക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു.

മെറ്റയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കാർമാക് ചൂണ്ടിക്കാട്ടി. മാർക്ക് സുക്കർബർഗിനോടുള്ള തന്‍റെ എതിർപ്പും അദ്ദേഹം പരസ്യമാക്കി. കഴിഞ്ഞ എട്ട് വർഷമായി കാർമാക് മെറ്റയുടെ ഭാഗമായിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി മെറ്റയിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. കമ്പനി നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന്, മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാൾ, വാട്ട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് എന്നിവരുൾപ്പെടെ സുപ്രധാന സ്ഥാനങ്ങളിലുള്ളവർ രാജിവെച്ചിരുന്നു. മെറ്റ ഇന്ത്യ മേധാവി അജിത് മോഹനും സ്ഥാനമൊഴിഞ്ഞിരുന്നു.