ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഖർഗെ വിളിച്ച യോഗത്തിൽ ഐക്യത്തോടെ പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത തന്ത്രപരമായ യോഗത്തിൽ പങ്കെടുത്ത് പത്തോളം പ്രതിപക്ഷ പാർട്ടികൾ. ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും യോഗത്തിൽ പങ്കെടുത്തതോടെ പാർലമെന്‍റിൽ പ്രതിപക്ഷ ഐക്യം വീണ്ടും ശക്തമായി.

ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും എംപിമാർ ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി. 1962 ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ലോക്സഭയിൽ ചർച്ചയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന് വാദിച്ചെങ്കിലും സ്പീക്കർ ഓം ബിർള അനുവദം നൽകാത്തതിനെ തുടർന്നാണ് ഇറങ്ങിപ്പോക്ക്.

ശീതകാല സമ്മേളനത്തിന്റെ ആരംഭത്തിലും എഎപിയും തൃണമൂൽ കോൺഗ്രസും ഖർഗെ വിളിച്ച ‘സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ’ തന്ത്രപരമായ യോഗത്തിൽ ഒത്തുചേർന്നിരുന്നു. സാധാരണഗതിയിൽ ഇരുപാർട്ടികളും കോൺഗ്രസുമായി സഹകരിക്കാറില്ലായിരുന്നു.