വ്യക്തിയേക്കാൾ വലുത് പാർട്ടി; അത് മനസിലാക്കിയാൽ പ്രശ്നങ്ങൾ തീരുമെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: പാർട്ടി വ്യക്തിയേക്കാൾ വലുതാണെന്ന് എല്ലാവരും മനസിലാക്കിയാൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ നൻമയ്ക്കായി എല്ലാവരും പ്രവർത്തിക്കണമെന്നും ചെന്നിത്തല അഭ്യർത്ഥിച്ചു.

കോൺഗ്രസ് എല്ലാവർക്കും അവസരം നല്‍കുന്നുണ്ടന്നും തരൂർ മൂന്ന് തവണ എംപിയും കേന്ദ്രമന്ത്രിയുമായത് അദ്ദേഹത്തിന് അവസരം നൽകിയത് കൊണ്ടാണെന്നും ചെന്നിത്തല ഗുജറാത്തിൽ പറഞ്ഞു. ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം ലഭിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

“ഈ പാർട്ടി എല്ലാ നേതാക്കൾക്കും അവസരങ്ങൾ നൽകുന്നു. വ്യത്യാസം അത് കൂടിയും കുറഞ്ഞും ഇരിക്കുമെന്നതാണ്. ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം ലഭിക്കാത്തത്? ശശി തരൂർ മൂന്ന് തവണ എം.പിയും കേന്ദ്രമന്ത്രിയുമായി. അദ്ദേഹത്തിന് പാർട്ടിയിൽ എല്ലാ അവസരങ്ങളും നൽകിയിട്ടുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാർട്ടിയുടെ നൻമയ്ക്കായി എല്ലാവരും പ്രവർത്തിക്കണം. വ്യക്തിയല്ല, പാർട്ടിയാണ് വലുത്. എല്ലാവരും ഇത് മനസിലാക്കി പ്രവർത്തിച്ചാൽ പ്രശ്നങ്ങൾ ഇല്ലാതാകുമെന്നും ചെന്നിത്തല പറഞ്ഞു.