പെൺസുഹൃത്തിനോട് യാത്രികന്റെ ചാറ്റ്; വിമാനം വൈകിയത് 6 മണിക്കൂർ

മംഗളൂരു: യാത്രക്കാരന്‍റെ മൊബൈൽ ഫോണിൽ സംശയാസ്പദമായ സന്ദേശം ലഭിച്ചതിനെ തുടർന്ന് മംഗളൂരു-മുംബൈ വിമാനം ആറ് മണിക്കൂർ വൈകി. സഹയാത്രികന്‍റെ മൊബൈൽ ഫോണിലെ സന്ദേശത്തെക്കുറിച്ചുള്ള യുവതിയുടെ പരാതിയെ തുടർന്നാണ് വിമാനം വൈകിയത്. മുംബൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

പരാതിയെ തുടർന്ന് എല്ലാ യാത്രക്കാരോടും വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ലഗേജുകൾ വീണ്ടും പരിശോധിച്ചു. അട്ടിമറി ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പറക്കാൻ അനുമതി ലഭിച്ചത്. വിമാനത്തിലെ സഹയാത്രികന്‍റെ മൊബൈലിൽ ലഭിച്ച സന്ദേശം ഒരു യുവതി ക്യാബിൻ ക്രൂവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. അവർ ഇക്കാര്യം എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിൽപ്പെടുത്തി. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതേത്തുടർന്ന് ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.

ഇതിനിടയിൽ യാത്രക്കാരൻ കാമുകിയുമായി ചാറ്റ് ചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ ഇതേ വിമാനത്തിൽ കയറാൻ കാത്തിരിക്കുകയായിരുന്നു ഈ സുഹൃത്ത്. സുരക്ഷയെ കുറിച്ച് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ സംഭാഷണമായിരുന്നു ഇതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ശശികുമാർ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടതോടെ ഇയാൾക്ക് വിമാനത്തിൽ യാത്ര ചെയ്യാനായില്ല. പെൺ സുഹൃത്തിനും വിമാനത്തിൽ കയറാൻ കഴിഞ്ഞില്ല. വൈകുന്നേരം 5 മണിയോടെ 185 യാത്രക്കാരെയും വിമാനത്തിൽ കയറാൻ അനുവദിച്ചു. പിന്നീട് വിമാനം മംഗളൂരുവിലേക്കു പുറപ്പെട്ടു.