ലഹരിയിൽ മതിമറന്ന് കേരള ജനത; 2022 ഡിസംബർ വരെ 6038 കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടികൂടിയ ലഹരിവസ്തുക്കളുടെ അളവിൽ വൻ വർദ്ധന. രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. ഈ വർഷം ഡിസംബർ 26 വരെ 6,038 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 3,916 പേരാണ് എൻ.ഡി.പി.എസ് കേസുകളിൽ അറസ്റ്റിലായത്. എന്നാൽ ഈ വർഷം ഡിസംബർ 26 വരെ 5,961 പേരാണ് അറസ്റ്റിലായത്.

ഈ വർഷം പിടിച്ചെടുത്ത ബ്രൗൺ ഷുഗർ, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകളുടെ വലിയൊരു ഭാഗം ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ കണ്ടെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന്‍റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു.

നശിപ്പിക്കപ്പെടുന്ന കഞ്ചാവ് ചെടികളുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ വർഷം 760 കഞ്ചാവ് ചെടികൾ നശിച്ചപ്പോൾ ഈ വർഷം അത് 1,896 ആയി. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന്‍റെ അളവ് കുത്തനെ വർദ്ധിച്ചു. കഴിഞ്ഞ വർഷം 16,062 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഈ വർഷം 37,449 ഗ്രാം. കഴിഞ്ഞ വർഷം 18 ഗ്രാം ഹെറോയിൻ പിടികൂടിയപ്പോൾ ഈ വർഷം 438 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.