തെരുവുനായ വിഷയത്തിലെ ഹർജി; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂ ഡൽഹി: തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി നാളെ പരിഗണിക്കും. കൂടുതൽ പേർ കക്ഷി ചേർന്നതിനാൽ വാദം കേൾക്കാൻ കൂടുതൽ സമയം വേണമെന്നും അതിനാൽ കേസ് നാളത്തേക്ക് മാറ്റിയതായും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കണമെന്ന എതിർ ഭാഗത്തിൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ അപേക്ഷ നൽകി. പക്ഷികളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ സാംക്രമിക രോഗങ്ങൾ ഉണ്ടാകുമ്പോൾ അവയെ കൊല്ലാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നു. പേപ്പട്ടി ശല്യം രൂക്ഷമായ സാഹചര്യത്തിൽ നിലവിലുള്ള ചട്ടങ്ങളിൽ ഇളവ് വരുത്തി അനുമതി നൽകണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. 

എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകൾക്ക് കൈമാറാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം കൂടാൻ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീംകോടതിയില്‍ അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നായ്ക്കളെ പിടിക്കുന്നവരെ ലഭ്യമല്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും തങ്ങളെ അറിയിച്ചതായി സിരിജഗൻ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.