ചിലിയിൽ പ്രത്യക്ഷപ്പെട്ട കുഴി ദിനംപ്രതി വളരുന്നു
ചിലി: ചിലിയുടെ തലസ്ഥാന നഗരമായ സാന്‍റിയാഗോയിൽ നിന്ന് 800 കിലോമീറ്റർ വടക്കുള്ള ടിയാറ അമരില്ല പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമീണ പ്രദേശത്ത് പ്രത്യക്ഷപ്പെട്ട വിചിത്രമായ ഗർത്തം വളരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ജൂലൈ 30നാണ് കുഴി ആദ്യം പ്രത്യക്ഷപ്പെട്ടത്. ഗർത്തത്തിന് അന്ന് 104 അടി വീതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന്‍റെ വ്യാസവും ആഴവും വളരെയധികം വർദ്ധിച്ചിരിക്കുന്നു. യുഎസിലെ ഏറ്റവും പ്രശസ്തമായ പ്രതിമയായ സ്റ്റാച്യു ഓഫ് ലിബർട്ടിയെ മൊത്തത്തിൽ മൂടുന്ന തരത്തിലാണ് കുഴിയുടെ വലുപ്പമെന്ന് വിദഗ്ധർ കണക്കാക്കുന്നു.
ചിലിയിലെ അൽകാപറോസ ചെമ്പ് ഖനിക്ക് സമീപമാണ് ഗർത്തം രൂപപ്പെട്ടത്. ലുൻഡിൻ മൈനിങ് എന്ന ഖനന കമ്പനിയാണ് അൽകാപറോസയിൽ ഖനനം നടത്തുന്നത്. ആർക്കും പരുക്കോ ആളപായമോ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗർത്തത്തിലേക്ക് ആരും വീഴാതിരിക്കാൻ ബന്തവസ് സർക്കാർ അതിനു ചുറ്റും ഒരു മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ട്. സിങ്ക്ഹോൾ എന്ന തരത്തിലുള്ള ഗർത്തമാണ് അൽകാപറോസയിൽ ഉണ്ടായിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൗമോപരിതലത്തിനു താഴെ വെള്ളം പുറത്തേക്കു പോകാൻ പറ്റാത്ത സ്ഥിതിയിൽ തളംകെട്ടുന്നതാണ് സിങ്ക്ഹോളുകളുടെ രൂപീകരണത്തിലേക്കു നയിക്കുന്നത്.
ഖനന മേഖലകളിൽ ഇവ പതിവായി കാണപ്പെടുന്നു. ഖനനത്തിന്‍റെ ഭാഗമായി മണ്ണും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതും അവിടെ വെള്ളം അടിഞ്ഞുകൂടുന്നതുമാണ് ഇതിന് കാരണം. ഭൂഗർഭത്തിലെ സിങ്ക്ഹോളുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അവ വർഷങ്ങളായി മറഞ്ഞിരിക്കുന്നു, പെട്ടെന്ന് ഒരു ദിവസം തുറക്കപ്പെടും. ചിലപ്പോൾ വീടുകൾ, കാറുകൾ, ആളുകൾ എന്നിവ തുറക്കുമ്പോൾ അവയിൽ വീണേക്കാം. എന്നാൽ അമിതമായി നടക്കുന്ന ഖനനത്തിന്റെ പ്രത്യാഘാതമാണ് ഇതെന്നാണ് ടിയാറ അമരില്ലയിലെ ജനങ്ങൾ അഭിപ്രായപ്പെടുന്നത്. അൽകാപറോസയിൽ വളരെക്കാലമായി നടക്കുന്ന ഖനനം ഇവിടത്തെ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുന്നുവെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു.