പദ്ധതി അനിവാര്യം; വിഴിഞ്ഞം പദ്ധതിക്കായി പ്രമുഖരുടെ തുറന്ന കത്ത്
തിരുവനന്തപുരം: തുറമുഖ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും വിവാദങ്ങളും വിഴിഞ്ഞത്ത് ശക്തമായി തുടരുന്നതിനിടെ, പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക, സാംസ്കാരിക, സാഹിത്യ, വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ തുറന്ന കത്ത്. പ്രൊഫസർ എം.കെ.സാനു, ക്രിസ് ഗോപാലകൃഷ്ണൻ, ജിജി തോംസൺ, എം.മുകുന്ദൻ, ജി.ശങ്കർ, ടി.കെ.രാജീവ് കുമാർ, മണിയൻപിള്ള രാജു, ജഗദീഷ്, എം.ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, സി.ഗൗരി ദാസൻ നായർ, സച്ചിദാനന്ദൻ, സേതു, എൻ.എസ്.മാധവൻ തുടങ്ങി എൺപതോളം പേരാണ് കത്തിൽ ഒപ്പിട്ടത്. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തിലുള്ളതാണ് കത്ത്.
സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തണമെന്ന് പറയുന്നത് സംസ്ഥാനത്തിന്‍റെ താൽപ്പര്യത്തിന് എതിരാണെന്നും കത്തിൽ പറയുന്നു. പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകുന്നത് യുക്തിരഹിതവും അപലപനീയവുമാണ്. കേരളത്തിന്‍റെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നവർക്ക് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.
തീരപ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കണമെന്നും പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും കത്തിൽ പറയുന്നു.