കറവക്കാരൻ യന്ത്രവുമായി വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കും

തിരുവനന്തപുരം: യന്ത്രവുമായി കറവക്കാരൻ വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. കറവക്കാരുടെ അഭാവം ക്ഷീരകർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ആലപ്പുഴ ജില്ലയിൽ മൊബൈൽ കറവ യൂണിറ്റുകൾ ആരംഭിച്ചത്. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരവികസന വകുപ്പിൻറെയും പ്ലാൻ ഫണ്ട് വഴിയാണ് പദ്ധതിക്ക് തുടക്കമിടുക. ക്ഷീരശ്രീ സംയുക്ത ബാധ്യതഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നാലോ പത്തോ അംഗങ്ങളുള്ള ഒരു ചെറിയ ഗ്രൂപ്പാണിത്. ക്ഷീര- മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് ഈ വർഷം ബാധ്യതാ സംഘങ്ങൾ ആരംഭിച്ചത്.

പശുവളർത്തൽ, പാൽ, പാലുൽപ്പന്നങ്ങളുടെ വിപണനം, കാലിത്തീറ്റ കൃഷി, മൃഗസംരക്ഷണ രംഗത്തെ മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികൾ ഗ്രൂപ്പുകളിലൂടെ നടപ്പാക്കും. കർഷകൻ പ്രതിമാസം 1,000 രൂപ തൊഴിലാളിക്ക് നൽകണം. ഇതിൽ 750 രൂപ തൊഴിലാളിയും 250 രൂപ ക്ഷീരസംഘവും വീതിച്ചെടുക്കും.