പരിശീലനപറക്കലിനിടെ വിമാനം പാടത്ത് ഇടിച്ചിറങ്ങി

പുണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പരിശീലന വിമാനം വയലിൽ ഇടിച്ചിറങ്ങി. തിങ്കളാഴ്ച രാവിലെ 11.20നും 11.25നും ഇടയിൽ പൂനെയിലെ കദ്ബന്‍വാഡിയിലായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന വനിതാ പൈലറ്റ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സ്വകാര്യ പരിശീലന സ്ഥാപനമായ കാർവർ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റേതാണ് വിമാനം. 3,200 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഭവിക റാത്തോഡ് (22) പരിശീലനപറക്കലിലായിരുന്നു. ഭവികയെ നവജീവൻ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു. അപകടത്തെ തുടർന്ന് വിമാനം ഏതാണ്ട് പൂർണമായും തകർന്നു. കാർവാർ അക്കാദമി അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി. വിമാനാപകടത്തിന്‍റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.