ഗുരുതര കേസില്‍പ്പെട്ട പൊലീസുകാരുടെ പണിപോകും; കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിനെ പിരിച്ചുവിടും
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സി.ഐ. പി.ആർ. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. ഇത് സംബന്ധിച്ച കരട് ഉത്തരവ് നിയമ സെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറി. സുനുവിന്‍റെ പിരിച്ചുവിടൽ ഉത്തരവിന്‍റെ മാതൃക പിന്തുടർന്ന് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെയും പിരിച്ചുവിടൽ ഉണ്ടാകും.
60 ഓളം പൊലീസുകാർ പോക്സോ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സുനുവിന്‍റെ കേസുകൾ വിവാദമായതിന് പിന്നാലെ പൊലീസ് സേനയിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ 828 പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു.
സി.ഐ മുതൽ മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കണം. മറ്റുള്ളവരുടെ കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവിയാണ് തീരുമാനം എടുക്കുന്നത്.