സംഘർഷ സാധ്യത ; വിഴിഞ്ഞത്ത് മദ്യശാലകള്‍ അടയ്ക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന ശാലകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രദേശത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 21, 22 തീയതികളിൽ മദ്യശാലകൾ അടച്ചിടാൻ ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു.
തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നേരത്തെ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ തുറമുഖ നിർമ്മാണത്തെ ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സർക്കാരിന്റെ സഹായം തേടിയത്.
അടുത്ത വർഷത്തോടെ കപ്പൽ വിഴിഞ്ഞത്ത് എത്തുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. സമരം തുടർന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്നും അദാനി ഗ്രൂപ്പ് കത്തിൽ പറയുന്നു. അതേസമയം സർക്കാരുമായുള്ള ചർച്ചകൾ അനുരഞ്ജനത്തിന് വഴിയൊരുക്കിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത.