മരുന്നുകുറിപ്പടി അവ്യക്തം, ദൈവവചനങ്ങളും; ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടി

ആലപ്പുഴ: അവ്യക്തമായ രീതിയിൽ കുറിപ്പടി എഴുതിയ ഡോക്ടറെ രോഗീപരിചരണച്ചുമതലയിൽ നിന്നു താൽക്കാലികമായി നീക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. ആശുപത്രിയിലെ പരാതി നിരീക്ഷണ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. പ്രാഥമിക റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി.

ഒ.പി.യിൽ ചികിത്സ തേടുന്ന രോഗികൾക്കുള്ള കുറിപ്പടിയിൽ വ്യക്തതയില്ലാത്ത രീതിയിലാണ് ഡോക്ടർ മരുന്ന് നിർദ്ദേശിക്കുന്നത്. മരുന്ന് മനസ്സിലാകാത്തതിനാൽ ആരോഗ്യപ്രവർത്തകർ സംശയം ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നാണ് പരാതി. കൂടാതെ, ദൈവവചനങ്ങളും കുറിപ്പടിയിൽ എഴുതുന്നുണ്ട്.

ആശുപത്രിയിലെ ചില ജീവനക്കാർ കുറിപ്പടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേതുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. ഇംഗ്ലീഷ് വലിയ അക്ഷരത്തിൽമാത്രമേ മരുന്നുകുറിക്കാവൂവെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.