രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വെട്ടില്‍; ഗോപാലകൃഷ്ണ ഗാന്ധിയും പിന്മാറി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് ഗോപാലകൃഷ്ണ ഗാന്ധി അറിയിച്ചു. ഇദ്ദേഹത്തെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി മത്സരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് പേരുകളാണ് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്തത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ, നാഷണൽ കോണ്ഫറൻസ് പ്രസിഡൻറ് ഫാറൂഖ് അബ്ദുള്ള, മഹാത്മാ ഗാന്ധിയുടെ ചെറുമകൻ ഗോപാലകൃഷ്ണ ഗാന്ധി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പവാറും ഫാറൂഖ് അബ്ദുള്ളയും നേരത്തെ തന്നെ പിന്തിരിഞ്ഞിരുന്നു. ഇപ്പോൾ ഗോപാലകൃഷ്ണ ഗാന്ധിയും പിൻവാങ്ങി. ഇതോടെ പ്രതിപക്ഷത്തിന് പ്രസിഡന്റ് സ്ഥാനാർത്ഥി ഇല്ലെന്നാണ് വിവരം. പ്രതിപക്ഷം മറ്റേതെങ്കിലും സ്ഥാനാർത്ഥിയെ മുന്നോട്ട് വയ്ക്കുമോയെന്ന് കണ്ടറിയണം.

ഗോപാൽ കൃഷ്ണ ഗാന്ധി പശ്ചിമ ബംഗാൾ മുൻ ഗവർണറാണ്. മമത ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്. തന്റെ പേര് നിർദ്ദേശിച്ചതിനു പ്രതിപക്ഷ പാർട്ടികളോട് നന്ദിയുണ്ടെന്ന് വ്യക്തമാക്കിയ ഗോപാലകൃഷ്ണ ഗാന്ധി ഈ ഓഫർ നിരസിച്ചു. രാഷ്ട്രപതിയാകുന്ന വ്യക്തി ദേശീയ തലത്തിൽ ഏകകണ്ഠനായിരിക്കണം. അത്തരം ആളുകൾ വേറെയുണ്ടാവുമെന്ന് ഞാൻ കരുതുന്നു,” ഗോപാലകൃഷ്ണ ഗാന്ധി പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷം വീണ്ടും യോഗം ചേരാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

അതേസമയം എൻഡിഎ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരിഫ് മുഹമ്മദ് ഖാൻ, മുക്താർ അബ്ബാസ് നഖ്വി തുടങ്ങിയവരുടെ പേരുകളാണ് പ്രചരിക്കുന്നത്. ദളിത്, ആദിവാസി നേതാക്കളുടെ പേരുകളും പരാമർശിക്കുന്നുണ്ട്. രാംനാഥ് കോവിന്ദ് വീണ്ടും രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ചർച്ച നടത്തി സമവായത്തിലെത്താൻ രാജ്നാഥ് സിംഗിനെയും ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്. എൻഡിഎയിലെ ബിജെപി ഇതര പാർട്ടികൾ, യുപിഎ, മറ്റ് പ്രാദേശിക പാർട്ടികൾ, സ്വതന്ത്ര എംപിമാർ എന്നിവരുമായും ഇരു നേതാക്കളും ചർച്ച നടത്തും.