വിമാനത്താവളങ്ങളിലെ ചായയുടേയും ചെറുകടികളുടേയും വില; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ചായയും ലഘുഭക്ഷണവും വിൽക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നോട്ടീസ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. എന്നാൽ, ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഹർജിക്കാരന് മറ്റ് ഫോറങ്ങളെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ വാണിജ്യ വിമാനത്താവളങ്ങളിലും 15 മുതൽ 20 രൂപ വരെ നിരക്കിൽ ചായ, കാപ്പി, ലഘുഭക്ഷണം എന്നിവ വിൽക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് 2020 ഓഗസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച നിർദ്ദേശം നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

എന്നാൽ, വിമാനത്താവളങ്ങളിലെ കഫെറ്റീരിയകളിലെ വില നിർണയത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന്‍റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതിൽ ഉൾപ്പെടുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകനായ ദേബാശിഷ് ബെരുഖയാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.