എന്‍എഫ്ടി വില്‍പ്പനയിലൂടെ ലഭിച്ച തുക ചാരിറ്റിക്ക്; ജോണി ഡെപ്പിന് അഭിനന്ദന പ്രവാഹം

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടൻ ജോണി ഡെപ്പിന് ആരാധകരുടെ അഭിനന്ദനം. എൻഎഫ്ടി വിൽപ്പനയിൽ നിന്ന് ലഭിച്ച തുക ആംബർ ഹേർഡുമായി ബന്ധപ്പെട്ട ഒരു ചാരിറ്റിക്ക് സംഭാവന ചെയ്തതിനാണ് ആരാധക പ്രശംസ. ലോസ് ഏഞ്ചൽസിലെ ഒരു ചിൽഡ്രൻസ് ഹോസ്പിറ്റൽ ഉൾപ്പെടെ നാല് ചാരിറ്റി ഓർഗനൈസേഷനുകൾക്ക് ഡെപ്പ് 80,000 ഡോളർ വിതരണം ചെയ്തു. പെർത്ത് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഫൗണ്ടേഷൻ, ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ചിൽഡ്രൻസ് ചാരിറ്റി,ദി ഫൂട്ട്പ്രിന്റ് കോയലീഷൻ എന്നിവയക്കും ഡെപ്പ് സഹായം നൽകി.

ഡെപ്പിന്‍റെ ദയയും നന്മയും തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ആരാധകർ പറയുന്നു. ജോണി ഡെപ്പിന്‍റെയും ആംബർഹെഡിന്‍റെയും വിവാഹമോചനം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാഹമോചനങ്ങളിൽ ഒന്നായിരുന്നു. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂലമായി വിർജീനിയ കോടതി വിധി പ്രസ്താവിച്ചിരുന്നു.

2018 ൽ നടിയും ജോണി ഡെപ്പിന്‍റെ ഭാര്യയുമായ ആംബർ ഹേർഡ് എഴുതിയ ഒരു ലേഖനം ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ജോണി ഡെപ്പും ആംബർ ഹേർഡും 2015 ലാണ് വിവാഹിതരായത്. 2017ലാണ് ഇരുവരും വേർപിരിഞ്ഞത്.