പേവിഷ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ഉപയോഗിച്ച വാക്സിന്‍റെയും സെറത്തിന്‍റെയും കേന്ദ്ര ലാബിന്‍റെ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച് നമ്പറും സഹിതമാണ് കത്ത് അയച്ചത്. കെഎംഎസ്‌സിഎലിനോട് വീണ്ടും വാക്‌സീന്‍ പരിശോധനയ്ക്കയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

സെൻട്രൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം, വാക്സിന്‍റെ ഗുണനിലവാരം ഉറപ്പാക്കി സർട്ടിഫിക്കറ്റ് നൽകുന്നത് സെൻട്രൽ ഡ്രഗ് ലബോറട്ടറിയാണ്. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് നേടിയ വാക്സിനും സെറവുമിണ് നായയുടെ കടിയേറ്റ് ആശുപത്രിയിലെത്തിയവർക്കും മരിച്ച അഞ്ച് പേർക്കും നൽകിയത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയുടെ മരണത്തിൽ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പരിശോധന വേഗത്തിലാക്കാൻ നിർദ്ദേശം നൽകണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.