ക്വാറന്റീൻ കഴിഞ്ഞു; ചീറ്റകളെ വിശാല വനത്തിലേക്ക് തുറന്നുവിട്ടു

കുനോ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന മൂന്ന് ചീറ്റകളെ കൂടി വിശാലമായ വനത്തിലേക്ക് തുറന്നുവിട്ടു. സെപ്റ്റംബറിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാൻ ഇവയെ ക്വാറന്‍റൈൻ സോണിലാണ് പാർപ്പിച്ചിരുന്നത്.

പെൺ ചീറ്റകളായ സവാന, ഷാഷ, സിയയ്യ എന്നിവയെയാണ് തിങ്കളാഴ്ച കാട്ടിലേക്ക് വിട്ടയച്ചത്. ഇവർ മറ്റുള്ളവയോടൊപ്പം സഞ്ചരിച്ചു തുടങ്ങിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. അഞ്ച് ചീറ്റകളെ നേരത്തെ വനത്തിലേക്ക് വിട്ടയച്ചിരുന്നു.

1947-ൽ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് രാജ്യത്തെ അവസാനത്തെ ചീറ്റ ചത്തത്. തുടർന്ന് 1952-ൽ ചീറ്റകൾക്ക് രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു.