ലിസ് ട്രസിന്റെ രാജി; പൊതുതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് പ്രതിപക്ഷം
ലണ്ടൻ: ലിസ് ട്രസിന്‍റെ രാജിക്ക് ശേഷം അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നു. പൊതുതെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍, പുതിയ പ്രധാനമന്ത്രിയെ ഉടൻ തിരഞ്ഞെടുക്കുമെന്ന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. ഇന്ത്യൻ വംശജനായ ഋഷി സുനക്കിന്റേത് ഉൾപ്പടെയുള്ള പേരുകൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.
പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സ്കോട്ടിഷ് നാഷണൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിനാൽ പൊതുതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ കൺസർവേറ്റീവ് പാർട്ടി അടുത്ത വെള്ളിയാഴ്ചയോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചവരെ എംപിമാർക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാം. കുറഞ്ഞത് 100 എംപിമാരുടെ പിന്തുണയുള്ളവർക്ക് മാത്രമേ മത്സരിക്കാനാകൂ. അതിനാൽ, പരമാവധി 2 പേർ മത്സരരംഗത്തുണ്ടാകും. മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കാൻ വന്നാൽ ആദ്യം ഓൺലൈൻ വോട്ടെടുപ്പ് നടത്തും. ഇതിൽ ജയിക്കുന്ന ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള മത്സരമായിരിക്കും നടക്കുക. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ചയോടെ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പാർട്ടി ചെയർമാൻ ജെയ്ക്ക് ബെറി പറഞ്ഞു.