ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണം; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ്
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് ശുപാർശ ചെയ്തു. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്ന് 58 വയസ്സായി ഉയർത്തണമെന്നാണ് ശുപാർശ. ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഒക്ടോബർ 25നാണ് ശുപാർശ സമർപ്പിച്ചത്.
ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നത് കോടതിയുടെ പ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ശുപാർശയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കൽ പ്രായം ഉയർത്തിയാൽ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥർക്കും നൂറോളം നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും 2 വർഷം വീതം നീട്ടി കിട്ടും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ നിർദ്ദേശം പിൻവലിക്കേണ്ടി വന്നിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉയർന്നിരുന്നു. ആ യോഗത്തിന്‍റെ അടിസ്ഥാനത്തിൽ, ജഡ്ജിമാർ അടങ്ങുന്ന സമിതി നിർദ്ദേശങ്ങൾ പരിശോധിച്ചാണ് വിരമിക്കൽ പ്രായം ഉയർത്താനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ചത്.