സമ്പന്നര്‍ ഇന്ത്യ വിടുന്നു; സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

ഇന്ത്യൻ സമ്പന്നർ രാജ്യം വിടുന്ന പ്രവണത കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് മാത്രമാണ് സമ്പന്നരുടെ കൊഴിഞ്ഞുപോക്ക് നിരക്കിൽ നേരിയ കുറവുണ്ടായത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഹെൻലി ആൻഡ് പാർട്ണേഴ്സിന്‍റെ റിപ്പോർട്ട് പ്രകാരം റഷ്യയും ചൈനയും കഴിഞ്ഞാൽ സമ്പന്നരെ നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

2022 ൽ ഇതുവരെ സമ്പന്ന വിഭാഗത്തിലുള്ള 8,000 പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്. റഷ്യയിലും ചൈനയിലും ഇത് യഥാക്രമം 15,000 ഉം 10,000 ഉം ആണ്. ഒരു മില്യണ്‍ ഡോളറോ അതിന് മുകളിലോ ആസ്തിയുള്ളവരെയാണ് സമ്പന്ന വിഭാഗമായി കണക്കാക്കുന്നത്. ഓരോ വർഷവും ഇന്ത്യ സൃഷ്ടിക്കുന്ന സമ്പന്നരുടെ എണ്ണം രാജ്യം വിടുന്നവരേക്കാൾ കൂടുതലാണ്. അതിനാൽ, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം ആശങ്കാജനകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സമ്പന്നരായ വ്യക്തികൾ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവണതയുമുണ്ട്. രാജ്യത്തെ ജീവിതനിലവാരം മെച്ചപ്പെടുന്നതോടെ മടങ്ങിയെത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും ഹെൻലി റിപ്പോർട്ടിൽ പറയുന്നു. 2031 ആകുമ്പോഴേക്കും രാജ്യത്തെ സമ്പന്നരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവുണ്ടാകും. ഇത് ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയാക്കി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.