ഓണ്‍ലൈനായി ബുക്ക്‌ ചെയ്ത മുറി നല്‍കിയില്ല; 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മലപ്പുറം: ഓൺലൈനിൽ ബുക്ക് ചെയ്തിട്ടും ഹോട്ടല്‍ മുറി നൽകാതെ കൂടുതൽ പണം ആവശ്യപ്പെട്ട ഹോട്ടൽ ഉടമയ്ക്ക് പിഴ ചുമത്തി കോടതി. കണ്ണൂരിലെ ഹോട്ടൽ ഉടമയോട് 15000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കമ്മീഷൻ ആവശ്യപ്പെട്ടത്.

‘ഗോ ഇബിബോ’ എന്ന ഓൺലൈൻ വെബ്സൈറ്റ് വഴി കണ്ണൂരിലെ ഹോട്ടലിൽ മുറി ബുക്ക് ചെയ്ത മക്കരപ്പറമ്പ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ കമ്മീഷനെ സമീപിച്ചത്. 2019 നവംബറിലാണ് 637 രൂപ നൽകി 2019 ഡിസംബർ 12ലേക്ക് അരുൺ മുറി ബുക്ക് ചെയ്തത്. ബുക്കിംഗിനൊപ്പം സൗജന്യ പ്രഭാതഭക്ഷണവും ഉറപ്പ് നൽകിയിരുന്നു. ഡിസംബർ 12ന് രാത്രി ഹോട്ടലിലെത്തിയ അരുണിന് ബുക്ക് ചെയ്ത നിരക്കിൽ മുറി അനുവദിക്കാനാവില്ലെന്ന് ഹോട്ടൽ അധികൃതർ അറിയിക്കുകയായിരുന്നു. 1,300 രൂപ വാടകയും പ്രഭാതഭക്ഷണത്തിന് 80 രൂപയും നൽകാനാണ് ആവശ്യപ്പെട്ടത്. അരുൺ ഈ തുക നൽകി. പിന്നീട് അദ്ദേഹം ഉപഭോക്തൃ കമ്മീഷന് പരാതി നൽകി.

ഹോട്ടൽ ഉടമ ഈടാക്കിയ വാടകയും പ്രഭാതഭക്ഷണത്തിന്‍റെ ചെലവും സംയോജിപ്പിച്ച് 1,380 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 5,000 രൂപയും നൽകാൻ കോടതി ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ നൽകണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.