ഒരു കുടുംബത്തിന് വേണ്ടി നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല; ഗാന്ധി കുടുംബത്തിനെതിരെ മന്ത്രി
ന്യൂഡല്‍ഹി: കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് കത്തയച്ചതിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഒരു കുടുംബത്തിന് വേണ്ടി മാത്രം നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആർക്കും പ്രത്യേക പരിഗണന നൽകില്ലെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾ നിയമത്തിന് അതീതരാണെന്ന് ഒരു കുടുംബം വിശ്വസിക്കുന്നതിനാൽ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാനുള്ള കടമകളിൽ നിന്ന് വിട്ടുവീഴ്ച ചെയ്യില്ല. ആർക്കും പ്രത്യേക പരിഗണന ലഭിക്കില്ല. ആരോഗ്യമന്ത്രി എന്ന നിലയിൽ, രാജ്യത്ത് കോവിഡ് പടരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തൻ്റെ കടമയാണ്. ഒരു മന്ത്രിക്ക് എങ്ങനെയാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ കഴിയുകയെന്ന് ആരെങ്കിലും ചിന്തിച്ചാൽ അതിനെക്കുറിച്ച് എന്ത് പറയാനാണ്? ചോദ്യംചെയ്യുന്നത് തന്‍റെ കടമ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നതിന് തുല്യമാണെന്ന് മാണ്ഡവ്യ പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷം ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് ഉൾപ്പെടെ നിരവധി പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.