പമ്പയില്‍ കെഎസ്ആർടിസിയിൽ കയറാനുള്ള തിരക്ക് പരിഹരിക്കണം; നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള തിരക്ക് പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. കെ.എസ്.ആർ.ടി.സി ബുക്കിംഗ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ പമ്പയിൽ കുറഞ്ഞത് 10 ബസുകളെങ്കിലും നിർബന്ധമായും സർവീസ് നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

പമ്പയിലെ തിരക്ക് നിയന്ത്രിക്കാൻ എന്ത് നടപടി സ്വീകരിക്കാമെന്ന് അറിയിക്കാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. പമ്പയിലെ ബുക്കിംഗ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇതിനു അംഗീകാരം നൽകികൊണ്ടാണ് കോടതിയുടെ ഇടപെടൽ.